ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആസ്ത്രേലിയയോട് 1-3ന് തോറ്റു. 36ാമത് ഹീറോ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ലോകചാംപ്യന്മാര്ക്കെതിരേ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലണ്ടനില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. പതിനാലാം തവണയാണ് ആസ്ത്രേലിയ ചാംപ്യന്‍സ് ട്രോഫി നേടുന്നത്.
ഷൂട്ടൗട്ടില്‍ ഹര്‍മന്‍പ്രീത് സിങിനു മാത്രമാണ് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്. എസ് കെ ഉത്തപ്പ, എസ് വി സുനില്‍, സുരേന്ദര്‍ കുമാര്‍ എന്നിവരുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. അസ്രാന്‍ സെലെവ്സ്കി, ഡാനിയല്‍ ബീലെ, സൈമണ്‍ ഓര്കാര്ഡ് എന്നിവര്‍ ആസ്ത്രേലിയക്കു വേണ്ടി വലകുലുക്കി. അതേ സമയം ട്രെന്റ് മിട്ടന്റെ ശ്രമം മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് തടുത്തിട്ടു.
നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു പെനല്‍റ്റി ഷൂട്ടൗട്ട്. ബീലെയുടെ ആദ്യ ഷോട്ട് സാങ്കേതികമായി ഗോളാകാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ഒരു അവസരം നല്‍കിയത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇന്ത്യന്‍ ടീമിന്റെ കടുത്ത പ്രതിഷേധം വകവെയ്ക്കാതെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.