ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഹോക്കി ടൂര്‍ണമെന്റില്‍ തെക്കന്‍ കൊറിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചു. ലണ്ടനില്‍ നടന്ന മത്സരത്തിന്റെ 39ാം മിനിറ്റില്‍ ഇന്ത്യയാണ് ആദ്യ ഗോള്‍ നേടിയത്.
സുനിലിന്റെ കളിമിടുക്കില്‍ നിന്നായിരുന്നു ഗോള്‍. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ സുനില്‍ ആകാശ്ദീപിന് നല്കിയ പാസ് തിരിച്ചു വാങ്ങി ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലേക്ക് അടിച്ചു കയറ്റി. 57ാം മിനിറ്റില്‍ കൊറിയ തിരിച്ചടിച്ചെങ്കിലും തൊട്ടുപിറകെ തന്നെ തല്‍വീന്ദര്‍ സിങിന്റെ ലോങ് ക്രോസിനെ നിക്കിന് പോസ്റ്റിലേക്ക് റിഫ്ളക്ട് ചെയ്തു. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 1-2ന് ബെല്‍ജിയത്തോട് തോറ്റിരുന്നു.
നാലു മത്സരങ്ങളില്‍ നിന്നും പത്തു പോയിന്റ് നേടിയ ആസ്ത്രേലിയയാണ് ഏറ്റവും മുന്നില്‍. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും ഇന്ത്യക്ക് ഏഴ് പോയിന്റുണ്ട്. അഞ്ചു പോയിന്റുള്ള ബ്രിട്ടണ് മൂന്നാം സ്ഥാനത്തും നാലു പോയിന്റുള്ള ബെല്ജിയാം നാലാം സ്ഥാനത്തുമാണ്. കൊറിയയും ജര്‍മനിയും ഇതിനകം ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതുപോലെയാണ്.