ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ നിലവിലുള്ള ചാംപ്യന്മാരായ ജര്‍മനിയെ 3-3ന് സമനിലയില്‍ തളച്ചു. ഏഴാം മിനിറ്റില്‍ രഘുനാഥിന്റെ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തി. സമനിലയ്ക്കായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ജര്‍മനിക്ക് ഗോള്‍ മാത്രം നേടാനായില്ല. 24ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഇന്ത്യന്‍ നായകനും മലയാളിയുമായ പിആര്‍ ശ്രീജിത് നിഷ്പ്രഭമാക്കി.
എന്നാല്‍ രണ്ടു മിനിറ്റിന് ശേഷം ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റുന്നതില്‍ ടോം ഗ്രാംബുഷ് വിജയിച്ചു. എന്നാല്‍ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ മന്ദീപ് സിങിന്റെ ഒരു തകര്‍പ്പന്‍ ഫീല്‍ഡ് ഗോള്‍ ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ ഇന്ത്യ ഹര്‍മന്‍പ്രീത് സിങിലൂടെ ലീഡ് ഉയര്‍ത്തി. എന്നാല്‍ തൊട്ടുപിറകെ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗ്രാംബുഷ് വീണ്ടും വലയിലെത്തിച്ചു. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ജോനാസ് ഗോമോലിലൂടെ ജര്‍മനി സമനില പിടിച്ചെടുത്തു.
ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ 2-1നു തോല്‍പ്പിച്ചപ്പോള്‍ ജര്‍മനി ബെല്‍ജിയത്തോട് 4-4ന് സമനില വഴങ്ങി. ഇന്ത്യയുടെ അടുത്ത മത്സരം ബെല്‍ജിയവുമായിട്ടാണ്.