അര്‍ജന്റീന ബൊളീവിയയെ തകര്‍ത്തു(3-0)

 

argentina

വാഷിങ്ടണ്‍: ആദ്യ പകുതിയില്‍ നേടിയ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ലോക ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീന ബൊളീവിയയെ തോല്‍പ്പിച്ചു. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ ഗൂപ്പ് ഇയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുന്‍ ചാംപ്യന്മാരുടെ സര്‍വാധിപത്യമാണ് പ്രകടമായത്.

കളിയുടെ 86ശതമാനം സമയവും പന്ത് അര്‍ജന്‍രീനിയന്‍ താരങ്ങളുടെ അടുത്തായിരുന്നു.. രണ്ട് കോര്‍ണറുകളാണ് മത്സരത്തില്‍ പിറന്നത് അത് രണ്ടും വിജയികള്‍ക്ക് അനുകൂലവും. ആദ്യ ഗോള്‍ പിറന്നത് കളിയുടെ പതിമൂന്നാം മിനിറ്റിലായിരുന്നു.

ടോട്ടന്‍ഹാം താരം എറിക് ലമേല 25 അടി അകലെ നിന്നെടുത്ത ഫ്രീകിക്ക് ബൊളീവിയന്‍ പ്രതിരോധമതിലില്‍ തട്ടി ഗോള്‍പോസ്റ്റിനുള്ളിലേക്ക്. മികച്ചൊരു ഗോള്‍ അല്ലെങ്കിലും തോല്‍വിയറിയാതെ മുന്നേറുന്ന അര്‍ജന്റീന തുടക്കത്തില്‍ തന്നെ ലീഡ് നേടി.

രണ്ടു മിനിറ്റിനു ശേഷം രണ്ടാം ഗോള്‍ പിറന്നു. ഇത്തവണ ഇവാന്‍ ലാവെസ്സിയുടെ ഊഴമായിരുന്നു. അത്‌ലറ്റികോ മാഡ്രിഡ് താരം മത്യാസ് ക്രാനെവിറ്ററിന്റെ ക്രോസിന് നെപ്പോളി താരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ തല വെച്ചു. പക്ഷേ, അത് നേരിട്ട് ഗോളിയുടെ കൈകളില്‍ അവസാനിക്കുമെന്ന്് സംശയിച്ച് നില്‍ക്കുന്ന അവസരത്തില്‍ മിന്നല്‍പിണര്‍ പോലെ കുതിച്ചെത്തിയ അണ്ടര്‍ 23 ദേശീയ ടീമിലെ സൂപ്പര്‍ താരം ലാവെസ്സി അതു മനോഹരമായി പോസ്റ്റിലേക്ക് പ്ലേസ് ചെയ്തു.

32ാം മിനിറ്റിലാണ് മൂന്നാം ഗോള്‍ പിറന്നത്. അഗ്വേറയുടെ ക്ലിക്ക് ഡിഫ്‌ളക്ട് ചെയ്ത് ലാവെസ്സിയുടെ വഴിയില്‍. ലാവെസ്സിയുടെ ക്രോസിനെ ഇടം കാലുകൊണ്ട് ലിയാണ്ട്രോ കുസ്ത പോസ്റ്റിലേക്ക് വഴിതിരിച്ചു വിട്ടു. മൂന്നാം ഗോള്‍ കൂടി വീണതോടെ ബൊളീവിയന്‍ താരങ്ങള്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മെസ്സി ഇറങ്ങിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ലാവെസ്സിയാണ് കളിയിലെ കേമന്‍. ബുധനാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ ചിലി 4-2ന് പനാമയെ തോല്‍പ്പിച്ചു.