പാരിസ്: കരുത്തരായ പോര്‍ച്ചുഗലിനെ ഐസ്ലാന്‍ഡ് 1-1 എന്ന സ്കോറില്‍ സമനിലയില്‍ തളച്ചു. ഫിഫാ ലോകറാങ്കിങില്‍ 34ാം സ്ഥാനത്തുള്ള കൊച്ചു രാജ്യമാണ് ആദ്യമായാണ് യൂറോകപ്പ് ഫുട്ബോള്‍ കളിക്കാനെത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ രാജ്യമായ പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം ഇത് വന്‍ തിരിച്ചടിയാണ്.
ക്രിസ്റ്റിയാനോ റോണാള്‍ഡോ എന്ന സൂപ്പര്‍താരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പറങ്കികള്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ഗോള്‍ നേടാന്‍ മാത്രം സൂപ്പര്‍ താരത്തിനു സാധിച്ചില്ല. 31ാം മിനിറ്റില്‍ ഫെനര്‍ബാസ് താരവും വൈസ് ക്യാപ്റ്റനുമായ നാനി പോര്‍ച്ചുഗലിനു വേണ്ടി ലീഡ് നേടി. വലതുമൂലയിലൂടെ മുന്നേറിയെത്തിയ ഗോമസ് നല്കിയ പാസിന് നാനി കൃത്യമായി കാലു വെച്ചപ്പോള്‍ ഗോളി ഹാനസ് ഹാള്ഡോഴ്സണനു പിഴച്ചു.
എന്നാല്‍ 50ാം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് അരങ്ങേറ്റക്കാര്‍ ഗോളടിച്ചു. ചാള്ട്ടണ് താരം ജൊഹാന്‍ ഗുഡ്മുണ്ട്സണാണ് ഗോളിന് വഴിമരുന്നിട്ടത്. ഗോള്‍ മുഖത്ത് അളന്നു തൂക്കിയിട്ട ഹാഫ് വോളിയെ ബേസല്‍ താരം ബിര്‍കിര്‍ ജാഴ്സണ് വലം കാലുകൊണ്ട് ഫസ്റ്റ് ബോളില്‍ തന്നെ പോസ്റ്റിലേക്ക് അടിച്ചു കയറ്റി. സ്കോര്‍ 1-1. പിന്നീട് പോര്‍ച്ചുഗല്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഐസ്ലാന്‍ഡ് പ്രതിരോധകോട്ട ഇളക്കാനായില്ല. കളം നിറഞ്ഞു കളിച്ചിട്ടും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളുമായ റോണാള്‍ഡോയ്ക്ക് ഗോള്‍ മാത്രം നേടാനായില്ല.
ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ ഹങ്കറി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഓസ്ട്രിയയെ തോല്‍പ്പിച്ചു. ബുധനാഴ്ച റൊമാനിയ സ്വിറ്റ്സര്‍ലാന്‍ഡിനെയും ഫ്രാന്‍സ് അല്‍ബേനിയയെയും റഷ്യ സ്ലൊവാക്യയെയും നേരിടും.