കോപ്പ അമേരിക്ക: പെറു അട്ടിമറിച്ചു, ബ്രസീല്‍ പുറത്ത്

brazil-peru

ചിക്കാഗോ: കോപ്പ അമേരിക്കാ ടൂര്‍ണമെന്റില്‍ ബ്രസീലിന് നാണം കെട്ട തോല്‍വി. താരതമ്യേന ദുര്‍ബലരായ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്. 76ാം മിനിറ്റില്‍ മാരിയോ റൂഡിയസാണ് വിജയഗോള്‍ നേടിയത്.

ബി ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഏഴു പോയിന്റുമായി പെറുവാണ് ഏറ്റവും മുന്നില്‍. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റുള്ള ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇതോടെ ബ്രസീലിന്റെ നോക്കൗട്ട് റൗണ്ട് ഇരുളടഞ്ഞതായി. മൂന്നു മത്സരങ്ങളില്‍ നിന്നും ബ്രസീലിന് നാലു പോയിന്റ് മാത്രമാണുള്ളത്.

യൂനിവേഴ്‌സിറ്റാരിയോ ടീമിലെ സഹതാരം ആന്‍ഡി പോളോയോടൊപ്പം ചേര്‍ന്നാണ് റൂഡിയസ് നിര്‍ണായക ഗോളിന് വഴിമരുന്നിട്ടത്. വലതുമൂലയിലൂടെ ബ്രസീല്‍ പ്രതിരോധത്തെ കടന്ന് മുന്നേറിയ പോളോ ഗോള്‍ മുഖ ലാക്കാക്കി നല്‍കിയ പന്ത് പോസ്റ്റിലെത്തിക്കാന്‍ റൂഡിയസിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

എന്നാല്‍ ഈ ഗോളിനെതിരേ ബ്രസീല്‍ താരങ്ങള്‍ ശക്തമായ പ്രതിഷേധം തന്നെ നടത്തിയിരുന്നു. റൂഡിയസിന്റെ കൈ തട്ടിയിരുന്നതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നതായിരുന്നു ആവശ്യം. ഗോള്‍ അനുവദിച്ചെങ്കിലും റൂഡിയസിന്റേത് ഹാന്‍ഡ് ബോളാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.