കോപ്പ അമേരിക്ക: ബ്രസീല്‍ പെറുവിനെതിരേ

ചിക്കാഗോ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ പെറുവിനെതിരേ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ബിയില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റുള്ള ബ്രസീല്‍ ഏറ്റവും മുന്നിലാണ്. പെറുവിനും നാലു പോയിന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരി പരിഗണിക്കുമ്പോള്‍ ബ്രസീലിനാണ് മുന്‍തൂക്കം. ഇക്വഡോറിന് രണ്ടു പോയിന്റാണുള്ളത്. കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റ ഹെയ്ത്തി അടുത്ത റൗണ്ട് കാണില്ലെന്ന് ഉറപ്പാണ്.

ഇതുവരെ 16 തവണ ബ്രസീലും പെറുവും നേര്‍ക്കു നേര്‍ വന്നിട്ടുണ്ട്. ഇതില്‍ 11 തവണയും വിജയിച്ചത് ബ്രസീലാണ്. രണ്ടു തവണ വിജയം പെറുവിനൊപ്പം നിന്നപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഹെയ്ത്തിയെ നേരിടും.

brail

മസാച്ചുസറ്റ്‌സിലെ ഗില്ലറ്റ് സ്‌റ്റേഡിയമാണ് ബ്രസീല്‍-പെറു മത്സരത്തിന് വേദിയാകുന്നത്. ഇക്വഡോര്‍-ഹെയ്ത്തി മത്സരം തിങ്കളാഴ്ച പുലര്‍ച്ചെ(ഇന്ത്യന്‍ സമയം) നാലുമണിക്കാണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ആറുമണിയ്ക്കുള്ള ബ്രസീല്‍-പെറു ഗെയിം പ്ലാനിന് അന്തിമ രൂപം നല്‍കാനാകില്ല. ഇക്വഡോര്‍ വന്‍ മാര്‍ജിനില്‍ ഹെയ്ത്തിയെ തോല്‍പ്പിച്ചാല്‍ പെറു-ബ്രസീല്‍ കളിയുടെ സ്വഭാവം തന്നെ മാറും.

നായകന്‍ മിരാന്‍ഡ പെറുവിനെതിരേയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങാനുള്ള സാധ്യതയുണ്ട്. പരിക്കിനെ തുടര്‍ന്ന് മിലാന്‍ ഡിഫന്റര്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നു വി്ട്ടുനിന്നിരുന്നു. ഹെയ്ത്തിക്കെതിരേയുള്ള മത്സരത്തില്‍ ഹാട്രിക് നേടിയ ഫിലിപ് കൗടിഞ്ഞോയെ കേന്ദ്രീകരിച്ചായിരിക്കും ബ്രസീല്‍ തന്ത്രങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല.