അരങ്ങേറ്റം അവിസ്മരണീയമാക്കി രാഹുല്‍, സിംബാബ് വെയ്ക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

By NAPARAZZI - LOKESH RAHUL, CC BY-SA 2.0,
By NAPARAZZI – LOKESH RAHUL, CC BY-SA 2.0,

ഹരാരെ: സെഞ്ച്വറിയിലൂടെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി കെഎല്‍ രാഹുല്‍. സിംബാബ് വെയ്‌ക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. സിംബാബ് വെയ്ക്കെതിരേയുള്ള ആദ്യ ഏകദിനത്തിലെ വിശേഷങ്ങള്‍ ഇതൊക്കെയാണ്.

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ സിംബാബ് വെയെ ബാറ്റിങിനയച്ചു. 49.5 ഓവറില്‍ 168 റണ്‍സെടുക്കുന്നതിനിടെ ആതിഥേയരുടെ മുഴുവന്‍ താരങ്ങളും പവലിയനിലേക്ക് മടങ്ങിയിരുന്നു.

9.5 ഓവറില്‍ രണ്ടു മേഡിനടക്കം 28 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് സിംബാബ്‌വെയുടെ നട്ടെല്ലൊടിച്ചത്. ദാവല്‍ കുല്‍ക്കര്‍ണി, ബരിന്ദര്‍ സ്രാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ആക്‌സര്‍ പട്ടേല്‍ യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ലോകേഷ് രാഹുല്‍ 115 ബോളില്‍ നിന്നും ഏഴ് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും പിന്തുണയോടെ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏഴ് റണ്‍സെടുത്ത കരുണ്‍ നായരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. തുടര്‍ന്നെത്തിയ അമ്പാടി രായുഡു 62 റണ്‍സ് നേടി ടീമിനെ വിജയതീരത്തെത്തിക്കാന്‍ രാഹുലിന് കൂട്ടായി. 42.3 ഓവറില്‍ ഇന്ത്യ 173 റണ്‍സ് നേടി.

സെഞ്ച്വറി നേടിയ രാഹുല്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ചയും മൂന്നാം മത്സരം ബുധനാഴ്ചയും നടക്കും.